ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന പ്രതിഷേധക്കാരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുമായി ഡൽഹി പോലീസ്. മുഖം തിരിച്ചറിയുന്നതിനുള്ള ഫേഷ്യൽ റെക്കഗ്നിഷൻ വാനുകൾ, ഡ്രോണുകൾ, ബോഡി ക്യാമറകൾ, എഐ സാങ്കേതികവിദ്യയൊടുകൂടിയ 'അജ്ന ലെൻസ്' സ്മാർട്ട് കണ്ണടകൾ എന്നിവയാണ് പോലീസ് സമരസ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. എന്നാൽ പൗരന്മാരുടെ മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി കോക്രോച് ജനതാ പാർട്ടി ഇതിനെതിരെ രംഗത്തെത്തി.
കേരള ഹൗസിന് പുറത്തായി സജ്ജീകരിച്ചിരിക്കുന്ന 'ഇക്ഷണ' വാൻ ഉൾപ്പെടെയുള്ള നിരീക്ഷണ വാഹനങ്ങളിൽ എഐ സഹായത്തോടെയുള്ള മുഖം തിരിച്ചറിയൽ സംവിധാനങ്ങളാണുള്ളത്. കുറ്റവാളികളെ തിരിച്ചറിയുന്നതിനും സമരത്തിലേക്ക് സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറുന്നത് തടയാനുമാണ് ഇവ ഉപയോഗിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.
ജി-20 ഉച്ചകോടിക്ക് മുന്നോടിയായി അവതരിപ്പിച്ച സംവിധാനങ്ങൾക്ക് പുറമേ, പോലീസുദ്യോഗസ്ഥർ എഐ അധിഷ്ഠിത സ്മാർട്ട് കണ്ണടകളും ഉപയോഗിക്കുന്നുണ്ട്. ഇത് വഴി സമരക്കാരുടെ മുഖങ്ങൾ സ്കാൻ ചെയ്ത് കുറ്റവാളികളെ തത്സമയം തിരിച്ചറിയാൻ സാധിക്കും. കൂടാതെ സൻസദ് മാർഗിൽ ഡ്രോൺ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
എന്നാൽ സമാധാനപരമായി സമരം ചെയ്യുന്ന പൗരന്മാരെ ഇത്തരം മാസ് സ്കാനിംഗിന് വിധേയമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സിജെപി എക്സ് പോസ്റ്റിലൂടെ വിമർശിക്കുന്നത്. ഈ ഫേഷ്യൽ ഡാറ്റകൾ ആര് സൂക്ഷിക്കുന്നു, എത്ര കാലം സൂക്ഷിക്കും തുടങ്ങിയ ചോദ്യങ്ങളും അവർ ഉയർത്തുന്നുണ്ട്.